പ്രിയപ്പെട്ട സാറാമ്മേ..
ജീവിതം യൌവ്വന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്തു് എങ്ങനെ വിനിയോഗിക്കുന്നു?
ഈ കത്തു് ധ്വനിയുപയോഗിച്ചു് പാറപ്പുറത്തു് ചിരട്ടയുരക്കുന്ന ശബ്ദത്തില്‍ ഒരു ഓഡിയോബുക്കായി അയച്ചാലോ എന്നാലോചിച്ചതാണു്. പിന്നെ വേണ്ടെന്ന് വെച്ചു .. അല്ലെങ്കിലും സാറാമ്മക്കു് കേശവന്‍നായര്‍ കത്തെഴുതുകയാണല്ലോ പതിവു്..
നമ്മുടെ പ്രേമത്തിനു് ഞാന്‍ നിര്‍മ്മിച്ച dictd നിഘണ്ടുവിലെ 137530 വാക്കുകള്‍ മതിയാവുമോ എന്ന് സംശയമാണു്. സാരമില്ല, സന്ധി സമാസ നിയമങ്ങളുടെ കമ്പ്യൂട്ടേഷനോടെ സ്റ്റെമ്മിനെയും ലെമ്മയേയും ആധാരമാക്കി കൂടുതല്‍ വാക്കുകള്‍ നമുക്കുണ്ടാക്കാം. ശില്‍പ്പക്കുവേണ്ടി ഞാന്‍ മലയാളം സ്റ്റെമ്മര്‍ എഴുതിയിട്ടുണ്ടെന്നതാണു് ഒരാശ്വാസം.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിലെയും വിക്കിപ്പീഡിയ ലാംഗ്വേജ് എഞ്ചിനീയറിങ്ങ് ടീമിലെയും ഒരു ബുദ്ധിജീവിയാണു് ഞാന്‍ . സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ ലാംഗ്വേജ് കമ്പ്യൂട്ടിങ്ങ് എന്റെ ജീവാത്മാവും പരമാത്മാവുമാണു്. എനിക്കു് സാറാമ്മയോടു് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടു്.
ഭാഷാകമ്പ്യൂട്ടിങ് വഴി Digital Divide ഒഴിവാക്കാനും ഓരോ വ്യക്തിക്കും ലോകത്തിലെ എല്ലാ അറിവുകളും സ്വതന്ത്രമാകുന്ന ഒരു സ്ഥിതി സംജാതമാക്കാനുമായി തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറുണ്ടോ? പറയൂ..
വേണ്ട.. ഞാന്‍ തയാറെടുപ്പിച്ചോളാം , സാറാമ്മയുടെ സ്വാതന്ത്ര്യബോധം എനിക്കൊന്നന്വേഷിക്കണമല്ലോ
ആണവചില്ലുകളുടെ പ്രശ്നങ്ങളെക്കുറിച്ചു് ഞാന്‍ തയാറാക്കിയ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ലോക്കലൈസേഷന്‍ - വാട്ട് ആര്‍ വി മിസ്സിങ്ങ് എ ക്വസ്റ്റ്യന്‍ മാര്‍ക്ക് എന്റെ തന്നെ ബ്ലോഗ് പോസ്റ്റ്. അതുമല്ലെങ്കില്‍ എറിക്ക് എസ് റെയ്മണ്ടിന്റെ ഹൗ റ്റു ബികം എ ഹാക്കര്‍ ?
എന്താ വായനാശീലം ഇല്ലേ?
എനിക്ക് ചില നിബന്ധനകള്‍ മുന്നോട്ട്‌വെക്കാനുണ്ടു്. കല്യാണത്തിന് തൊടുപുഴയിലെ ചടങ്ങല്ലാതെ മറ്റു് ആര്‍ഭാടങ്ങളൊന്നും പാടില്ല. എസ് എം സിയുടെ ഐ ആര്‍ സി ചാനലില്‍ വെച്ച് വളരെ ലളിതമായ ഒരു ചടങ്ങു്. ഞാനൊരു ഗിറ്റ് പുള്‍ റിക്വസ്റ്റ് അങ്ങോട്ടു കൊടുക്കുന്നു. സാറാമ്മ ഒരു പുള്‍ റിക്വസ്റ്റ് ഇങ്ങോട്ടു തരുന്നു. അതിനു ശേഷം അര മണിക്കൂര്‍ നേരം എസ് എം സി പ്രവര്‍ത്തകര്‍ സ്റ്റാള്‍മാന്റെ ഹാക്കര്‍ സോങ്ങ് ഉറക്കെ ചൊല്ലും. പിന്നെ നമ്മളുടെ ഗിറ്റ് ബ്രാഞ്ചുകള്‍ മെര്‍ജ് ചെയ്യും. ചടങ്ങു തീര്‍ന്നു. ഇതായിരിക്കും യഥാര്‍ത്ഥ കല്യാണം
ഞാനധികവും ഓണ്‍ലൈനിലായിരിക്കും , ഐ ആര്‍ സിയില്‍. മലയാളം വിക്കിപ്പീഡിയയിലെ സഹായം:ഐ.ആർ.സി . എന്ന താള്‍ വായിച്ചിട്ടില്ലേ? അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും.അതിനാല്‍ Universal Language Selector(ULS) പോലൊരു കമ്മ്യൂണിക്കേഷനാണു് നമുക്കുവേണ്ടതു് . ഏതു ഭാഷ തിരഞ്ഞെടുത്താലും വേണ്ട റിസള്‍ട്ട് കിട്ടാന്‍ വേണ്ട cross language supporting apis അതില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ടു് . കാരണം രാത്രി ഉറക്കത്തിൽ ഞാൻ ഏതു ലോകഭാഷയിലും സംസാരിച്ചേക്കാം, അവയെല്ലാം സാറാമ്മയ്ക്കു് ഉൾക്കൊള്ളാനും മനസിലാക്കാനും കഴിയണം. ഒരു ഇന്റര്‍നാഷണല്‍ ഫീച്ചേഴ്സ് എഞ്ചിനീയറുടെ ജീവിതം ഇങ്ങനെയൊക്കെയാണു്. യൂണിക്കോഡിലുള്ളതിലധികം ഭാഷകള്‍ ഞങ്ങള്‍ ട്രാന്‍സ്ലേറ്റ് വിക്കിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നു സാറാമ്മയ്ക്കറിയാമായിരിക്കും.
സാറാമ്മ ഇതിനു മുന്‍പ് ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ? എനിക്കു മുൻ കാലങ്ങളിൽ കലശലായ പ്രേമം ശില്പയോടായിരുന്നു .അപ്പോഴേക്കും വേറെ കുറേപ്പേര്‍ അതിനെ ഫ്ലാസ്കിലാക്കി മാറ്റി
ഞാന്‍ അലന്‍ ട്യൂറിങ്ങിനെ പറ്റി എഴുതിയ ലേഖനം വായിച്ചിട്ടില്ലേ? അലന്‍ ട്യൂറിങ്ങ് നിര്‍മ്മിച്ച ട്യൂറിങ്ങ് പരിശോധന ഇല്ലായിരുന്നെങ്കില്‍ ഇപ്പുറത്തിരുന്നു കത്തെഴുതുന്ന ഞാന്‍ ഞാന്‍ മനുഷ്യനോ യന്ത്രമോ എന്നു് സാറാമ്മ എങ്ങനെ കണ്ടുപിടിക്കുമായിരുന്നു എന്നാലോചിച്ചിട്ടു് തലപുകയുന്നു.. പറഞ്ഞു പറഞ്ഞു് എനിക്കു തന്നെ ഞാന്‍ യന്ത്രമോ മനുഷ്യനോ എന്നൊരു സംശയം.. അതൊക്കെ പോട്ടെ, ഞാനാണെങ്കില്‍...എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണു്. സാറാമ്മയോ? ഗാഢമായി ചിന്തിച്ചു മധുരോധരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്നു് അഭ്യര്‍ത്ഥിച്ചു കൊണ്ടു്.. എന്നു് സാറാമ്മയുടെ കേശവന്‍ നായര്‍